ഗുവാഹത്തി: ഗുവാഹത്തിയിൽ ഐഎസ്സിൽ ചേരാൻ ആഗ്രഹിച്ച എഐടി വിദ്യാർത്ഥി പിടിയിൽ. ഐഐടി-ഗുവാഹത്തിയിലെ നാലാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥിയായ തൗസീഫ് അലി ഫാറൂഖിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ക്യാമ്പസിൽ ഏകാന്ത ജീവിതമാണ് നയിച്ചതന്നും സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഫറൂഖിയെ വെള്ളിയാഴ്ച ഗുവാഹത്തി കോടതി 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് ഇയാളെ ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഇസ്ലാമിക് സ്റ്റേറ്റ് പതാകയ്ക്ക് സമാനമായ ഒരു കറുത്ത പതാകയും ഒരു കയ്യെഴുത്തുപ്രതിയും പോലീസ് കണ്ടെടുത്തു.
ഒരു ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് ഉള്ളടക്കത്തിൻ്റെ ആധികാരികത പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് കല്യാൺ കുമാർ പഥക് പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ഖുറാസാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി ഇ-മെയിലിലും സോഷ്യൽ മീഡിയയിലും ഫാറൂഖി അവകാശപ്പെട്ടിരുന്നു. ഡൽഹി നിവാസിയായ ഫാറൂഖി തൻ്റെ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി ലിങ്ക്ഡ്ഇനിൽ തുറന്ന കത്ത് എഴുതിയതിനെത്തുടർന്ന് ലുക്ക് ഔട്ട് അലർട്ട് പുറപ്പെടുവിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പോലീസ് ഐഐടി-ഗുവാഹത്തി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, വിദ്യാർത്ഥിയെ കാണാതായെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞു.
മാർച്ച് 23 ന് ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹാജോയിൽ നിന്ന് ഫാറൂഖിയെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
ഡൽഹിയിലെ സാക്കിർ നഗറിലാണ് ഫാറൂഖിയുടെ മാതാപിതാക്കൾ താമസിക്കുന്നത്. ഫാറൂഖി വളരെ മിടുക്കനായ വിദ്യാർത്ഥിയാണെന്നും ആദ്യ ശ്രമത്തിൽ തന്നെ ഐഐടി പരീക്ഷ പാസായെന്നും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും അയൽക്കാരും പറഞ്ഞു.
Discussion about this post