ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി അദ്ദേഹത്തിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഉടനെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. വൈകീട്ടോടെയാകും സംസ്‌കാര ചടങ്ങുകൾ.
1975ലായിരുന്നു ഡാനിയൽ ബാലാജിയുടെ ജനനം. ടി.സി ബാലാജി എന്നാണ് യഥാർത്ഥ പേര്. തമിഴിന് പുറമേ തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു ബാലാജി. കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
തമിഴ് സീരിയലിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നിവയാണ് ബാലാജി അഭിനയിച്ച മലയാള ചിത്രങ്ങൾ.

