മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ മുൻ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ ബി.ജെ.പിയിൽ ചേർന്നു. മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ശൈലേഷ് പാട്ടീൽ ചകുർകറിന്റെ ഭാര്യ അർച്ചന പാട്ടീൽ ചകുർകരാണ് ബി ജെ പി യിൽ ചേർന്നത്. ഉദ്ഗിറിലെ ലൈഫ്കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ചെയർപേഴ്സൺ കൂടിയാണ് അർച്ചന.
രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കാനാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അർച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദൻ അധിനിയം ഏറെ സ്വാധീനിച്ചു. ഒരിക്കലും ഔദ്യോഗികമായി കോൺഗ്രസിന്റെ ഭാഗമായിരുന്നില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാർട്ടിയിൽ ചേർന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അർച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.

