പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. പത്തനംതിട്ട പെരുനാട് തുലാപ്പള്ളിയിൽ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. സ്വന്തം വീടിന്റെ മുറ്റത്ത് വെച്ചായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയ ബിജുവിനെ ആന ആക്രമിക്കുകയായിരുന്നു. സംസ്ഥാനത്ത് വന്യജീവി ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം വ്യാപകമാണ്. ഒട്ടേറെ ജീവനുകൾ കാട്ടാന ആക്രമണത്തിൽ ഉൾപ്പെടെ നഷ്ടമായിരുന്നു.
ഈ മാസം ആദ്യം പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വത്സല (64) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം.
അതേ ദിവസമായിരുന്നു കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകൻ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

