മീററ്റ്: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ അഴിമതിക്കാർക്കെതിരെയാണ് പോരാടുന്നതെന്നും എന്നാൽ പ്രതിപക്ഷം അവരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ പൊതു റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീററ്റിൽ ലോക്‌സഭാ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കുകയും ചെയ്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനല്ല, മറിച്ച് വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ അഴിമതിക്കെതിരെ പോരാടുന്ന എൻഡിഎയും അഴിമതിക്കാരെ രക്ഷിക്കാൻ പോരാടുന്ന മറ്റൊരു ഗ്രൂപ്പും തമ്മിലാണ്. അഴിമതിക്കാരെ അന്വേഷിക്കുക മാത്രമല്ല, ജനങ്ങളുടെ മോഷ്ടിച്ച സ്വത്ത് അവർക്ക് തിരികെ നൽകുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
“കഴിഞ്ഞ 10 വർഷത്തിനിടയിൽ, അഴിമതിക്കെതിരായ പോരാട്ടം ഞങ്ങൾ ആരംഭിച്ചതായി രാജ്യം കണ്ടു. പാവപ്പെട്ടവരുടെ പണം ഒരു ഇടനിലക്കാരനും തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഞങ്ങൾ ഉറപ്പാക്കി. അഴിമതിക്കെതിരെയാണ് ഞാൻ പോരാടുന്നത്, അതുകൊണ്ടാണ് അഴിമതിക്കാർ ഇന്ന് ജയിലുകളിൽ കിടക്കുന്നത്.” പ്രധാനമന്ത്രി മോദി പറഞ്ഞു.

