തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണം തുടരുമെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും വേനല്‍ മഴക്കും സാധ്യതയെന്നും പ്രവചനമുണ്ട്. തീരമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ എന്നീ ജില്ലകളിലുണ്ടായ കടലേറ്റത്തില്‍ നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. മത്സ്യബന്ധന വള്ളങ്ങള്‍ കൂട്ടിയിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടലാക്രമണം ഉണ്ടായത്.
ഇന്നലെ ജനവാസ മേഖലയില്‍ കയറിയ കടല്‍ വെള്ളം ഇതുവരെ തിരിച്ചിറങ്ങിയിട്ടില്ല. അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാനും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ബീച്ചുകളിലേക്കുള്ള പ്രവേശം നിരോധിച്ചിട്ടുണ്ട്. കടലിലെ മര്‍ദ്ദത്തിന്റെ ഫലമായുണ്ടാകുന്ന ‘കള്ളക്കടല്‍’ പ്രതിഭാസമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാല മുന്നറിയിപ്പുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് വേനല്‍ മഴക്ക് സാധ്യതയുള്ളത്.
Discussion about this post