ഡൽഹി: ഗ്യാൻവാപി മന്ദിരത്തിലെ ഹിന്ദു ആരാധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിസ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിലവിൽ മുസ്ലീങ്ങൾ മന്ദിരത്തിന്റെ വടക്ക് ഭാഗത്തായി നമാസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹിന്ദുക്കൾ പൂജ നടത്തുന്നതിന് വിലക്കേർപ്പെടുത്തേണ്ടെ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഉത്തരവ്.
നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതാണ് ഉചിതമായ തീരുമാനം എന്നും കോടതി വ്യക്തമാക്കി. മന്ദിരത്തിന്റെ തെക്ക് ഭാഗത്തെ നിലവറകൾക്ക് മുൻപിലായിട്ടാണ് ഹിന്ദുക്കൾക്ക് പൂജകൾ നടത്താൻ അനുമതിയുള്ളത്.
ജനുവരി 31 നായിരുന്നു ഗ്യാൻവാപി മന്ദിരത്തിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. എന്നാൽ ഇതിനെ എതിർത്ത് മസ്ജിദ് കമ്മിറ്റി വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഫെബ്രുവരി 26 നായിരുന്നു ഗ്യാൻവാപിയിൽ പൂജ നടത്താമെന്ന ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. ഇതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ മസ്ജിദ് കമ്മിറ്റി പുന:പരിശോധനാ ഹർജി നൽകിയെങ്കിലും ഫലം കണ്ടില്ല. ഇതേ തുടർന്നായിരുന്നു കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.

