ആലപ്പുഴ: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈയൊടിച്ച സംഭവത്തിൽ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് സസ്‌പെൻഷൻ. കോൺഗ്രസ് കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ കെ. സുധീറിനെ കസേരകൊണ്ട് അടിച്ചുവീഴ്ത്തിയ സംഭവത്തിലാണ് നടപടി.സംഭവത്തിൽ യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീക്കുട്ടനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ശ്രീക്കുട്ടനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ഗുരുതരമായ അച്ചടക്കലംഘനത്തിനാണ് നടപടിയെതെന്നും ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചു.
കുമാരപുരം ഇരുപതാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് ഒഴിവാക്കി അഖില എന്ന പ്രവർത്തകയ്ക്കു ചുമതല നൽകിയിരുന്നു. ഇതുസംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സുധീറിന്റെ കൈക്ക് പൊട്ടലുണ്ട്. ശ്രീക്കുട്ടൻ, കോൺഗ്രസ് പ്രവർത്തകരായ രഞ്ജിത്ത്, സജിത്ത് എന്നിവർക്കെതിരേ ഇതുമായി ബന്ധപ്പെട്ട് ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു.
ആദ്യം ശ്രീക്കുട്ടൻ ഫോൺവിളിച്ച് അസഭ്യംപറഞ്ഞതോടെ സുധീർ ഫോൺ വെച്ചു. പിന്നാലെ വീട്ടിലെത്തി ശ്രീക്കുട്ടനും സജിത്തും ചേർന്ന് സിറ്റൗട്ടിൽക്കിടന്ന തടിക്കസേരയെടുത്ത് തന്നെ അടിക്കുകയായിരുന്നെന്ന് സുധീർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

