ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പാറ്റ്) രസീതുകൾ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
നിലവിൽ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകൾ എണ്ണണമെന്നാണ് ഹർജിയിലെ ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സമർപ്പിച്ച ഹർജിക്കൊപ്പം ഈ ഹർജിയും ടാഗ് ചെയ്തുകൊണ്ടാണ് ഉത്തരവിറക്കിയത്.
ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വേണം വി.വി.പാറ്റ് എണ്ണാൻ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശത്തേയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതൽ വി.വി.പാറ്റ് വോട്ടുകൾ എണ്ണാൻ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താൽ മുഴുവൻ വി.വി.പാറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നും ഹർജിയിൽ പറയുന്നു.
Discussion about this post