കല്പറ്റ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നാളെ വയനാട്ടിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി എത്തുന്നത്. നാളെ രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. കെ സുരേന്ദ്രൻ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.
‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസന വിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായി അറിയപ്പെട്ടിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് സ്മൃതി ഇറാനിയായിരുന്നു. 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് രാഹുൽ ഗാന്ധിയെ സ്മൃതി തോല്പിച്ചത്. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം സ്വന്തം പേരിലാക്കിയ സ്മൃതി ഇറാനിയെ തന്നെ രാഹുൽ മത്സരിക്കുന്ന വയനാട്ടിലെത്തിച്ച് പ്രചാരണം നടത്താനാണ് എൻഡിഎയുടെ നീക്കം. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട് ഈ സാഹചര്യത്തിലാണ് സ്മൃതിയുടെ വയനാട്ടിലേക്കുള്ള വരവ് എന്നതും ശ്രദ്ധേയമാണ്.
Discussion about this post