ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ ചൈന പുറത്തുവിട്ടതിനെ നിരസിച്ച് വിദേശകാര്യ മന്ത്രാലയം. കണ്ടുപിടിച്ച പേരുകൾ നൽകുന്നതിലൂടെ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവുമായ ഭാഗമാണെന്ന യാഥാർത്ഥ്യം മാറില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആഞ്ഞടിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തി സംസ്ഥാനം സന്ദർശിച്ചതിന് പിന്നാലെ അരുണാചൽ പ്രദേശിന്മേലുള്ള അവകാശവാദം ചൈന ശക്തമാക്കിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പരാമർശം.
“ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള വിവേകശൂന്യമായ ശ്രമങ്ങൾ ചൈന തുടരുകയാണ്. അത്തരം ശ്രമങ്ങളെ ഞങ്ങൾ ശക്തമായി നിരാകരിക്കുന്നു. കണ്ടുപിടിച്ച പേരുകൾ നൽകുന്നതിലൂടെ അരുണാചൽ പ്രദേശ് അവിഭാജ്യവുമായ ഭാഗമാണെന്ന യാഥാർത്ഥ്യം മാറ്റില്ല. ഇന്ത്യയുടെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

