തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തിനെയും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ ഭാര്യ ദേവി തിരുവനന്തപുരത്ത് നിന്നും ദിവസങ്ങൾക്ക് മുൻപ് കാണാതായ അധ്യാപിക ആര്യ എന്നിവരെയാണ് അരുണാചലിലെ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇറ്റാനഗർ പോലീസ് മൂന്നുപേരുടെയും മരണവിവരം കേരള പോലീസിനെ അറിയിച്ചത്.
രക്തം വാർന്നാണ് മൂന്നുപേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്നും ലഭിച്ചു. മുറിയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് ഇറ്റാനഗർ പോലീസ് ആളുകളെ തിരിച്ചറിഞ്ഞത്.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് ആര്യ. ഇവരെ കാണാതായതോടെ വട്ടിയൂർക്കാവ് പോലീസ് കഴിഞ്ഞ 27ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെ ആര്യയുടെ സഹ അധ്യാപികയായ ദേവി, ഭർത്താവ് നവീൻ എന്നിവരെ കോട്ടയം മീനടത്ത് നിന്നും കാണാതായതായി മനസ്സിലാക്കി. വിശദമായ പരിശോധനയിൽ മൂന്നുപേരും ഒരേ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ അസം പോലീസിന് കേരള പോലീസ് വിവരങ്ങൾ കൈമാറി.
അതേസമയം സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി സൂര്യ കൃഷ്ണമൂർത്തി രംഗത്തെത്തി. ദേവിയും നവീനും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച ദേവിയുടെ ബന്ധുകൂടിയാണ് സൂര്യ കൃഷ്ണമൂർത്തി. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”മരിച്ച രണ്ട് പേരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയി. മൂന്നുപേരും മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. മരിച്ച ഒരു കുട്ടിയുടെ കല്യാണം അടുത്ത മാസം നടക്കേണ്ടതായിരുന്നു. ഇത്രയും എജ്യൂക്കേറ്റഡ് ആയ മനുഷ്യർ ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു എന്നുളളത് വളരെ സീരിയസായി കാണേണ്ട വിഷയമാണ്. ഇനിയൊരാൾക്ക് കൂടി ഇങ്ങനെയൊരു അനുഭവം വരാതിരിക്കാനുള്ള ബോധവത്കരണം ഈ സംഭവത്തിലൂടെ ഉണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്.” സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

