ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ടുലിപ് പൂന്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമാണ്. ശൈത്യകാലത്തിനുശേഷം ഈ പൂന്തോട്ടം തുറന്ന് ആദ്യ പത്ത് ദിവസത്തിനുള്ളിൽ തന്നെ ഒന്നരലക്ഷം സന്ദർശകരാണ് ഈ മനോഹര കാഴ്ച കാണാനായി ഇവിടെ എത്തിച്ചേർന്നത്. സന്ദർശകരുടെ എണ്ണത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡ് നേട്ടമാണ് ഇത്.
ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിൽ ആണ് ഈ അതിമനോഹരമായ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഈ പൂന്തോട്ടത്തിൽ 73 ഇനങ്ങളിലുള്ള 1.7 ദശലക്ഷത്തിലധികം ടുലിപ് പൂക്കൾ ആണ് ഉള്ളത്. വിദേശ വിനോദസഞ്ചാരികളും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീനഗറിലെ ഈ പൂന്തോട്ടം കാണാനായി എത്തിച്ചേരുന്നുണ്ട്.
തുലിപ് ഗാർഡൻ്റെ ചുമതലയുള്ള ഫ്ലോറികൾച്ചർ ഓഫീസർ ആസിഫ് അഹമ്മദ് ഇറ്റൂ ആണ് ടുലിപ് പൂന്തോട്ടം സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച കാര്യം വ്യക്തമാക്കിയത്. വിനോദസഞ്ചാരികളിൽ നിന്നും ഉള്ള ഈ മികച്ച പ്രതികരണം ജമ്മു കശ്മീരിനെ സംബന്ധിച്ച് തികച്ചും പ്രചോദനദായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും ആസിഫ് അഹമ്മദ് ഇറ്റൂ പറഞ്ഞു.
Discussion about this post