ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ വഴിയാണ് വിവരം അറിയിച്ചത്. “ഒരു യുഗം അവസാനിക്കുന്നു” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മുൻ പ്രധാനമന്ത്രി മധ്യവർഗത്തിനും യുവാക്കൾക്കും ഒരു “ഹീറോ” ആയി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമ്പോഴും, നമ്മുടെ രാജ്യത്തെ പൗരന്മാരോട് കഴിയുന്നത്ര തവണ സംസാരിച്ച് രാഷ്ട്രത്തിന് ജ്ഞാനത്തിൻ്റെയും ധാർമ്മിക കോമ്പാസിൻ്റെയും ശബ്ദമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് സമാധാനവും ആരോഗ്യവും സന്തോഷവും നേരുന്നു.” എന്നാണ് മൻമോഹൻ സിങ്ങിന് അയച്ച കത്തിൽ ഖാർഗെ കുറിച്ചത്.
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് ഡോ. മൻമോഹൻ സിങ്.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്.
2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.
Discussion about this post