ന്യൂഡൽഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്‌ദാനം ചെയ്‌തപ്പോൾ പ്രധാനമന്ത്രി നെഹ്‌റു ‘ഇന്ത്യ രണ്ടാമത്, ചൈന ആദ്യം’ എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാക് അധിനിവേശ കാശ്മീർ (പിഒകെ), ഇന്ത്യയുടെ പ്രദേശങ്ങളിലെ ചില ചൈനീസ് അധിനിവേശം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണം മുൻകാല തെറ്റുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1950ൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ചൈനയുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് പ്രധാനമന്ത്രി നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നെഹ്‌റു ഈ തീരുമാനത്തോട് പൂർണമായും വിയോജിപ്പ് കാണിച്ചു.സർദാർ പട്ടേൽ അനാവശ്യമായി ചൈനക്കാരെ സംശയിക്കുന്നുവെന്നായിരുന്നു നെഹ്‌റുവിന്റെ വാദം. കുറച്ച് വർഷങ്ങൾക്ക് ശേഷം ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വാഗ്ദാനം ചെയ്ത് ചർച്ച നടന്നു. അന്ന് നെഹ്‌റുവിന്റെ മറുപടി ഇതായിരുന്നു. ഇന്ത്യ സീറ്റ് അർഹിക്കുന്നുണ്ട്. എന്നാൽ ചൈനയ്‌ക്ക് അതിന് മുൻപ് അവിടെ അംഗത്വം കിട്ടുമെന്ന് ഉറപ്പാക്കണം. അതായത് സ്വന്തം രാജ്യത്തെക്കാൾ നെഹ്‌റു അന്ന് ചൈനയ്‌ക്കാണ് പ്രാധാന്യം കൊടുത്തതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
Discussion about this post