വലിയൊരു സമുദ്രം ഭൂമിക്കടിയിൽ കണ്ടെത്തി ഗവേഷകർ. ഇല്ലിനോയ്‌സിലെ ഇവാന്‍സ്റ്റണിലുള്ള നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തല്ലിന് പിന്നിൽ. ഭൂമിക്കടിയില്‍ 700 കിലോ മീറ്റര്‍ ആഴത്തില്‍ ഒരു ഭീമന്‍ ജലസംഭരണി ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഭൗമോപരിതലത്തില്‍ നമ്മള്‍ കാണുന്ന സമുദ്രങ്ങളേക്കാള്‍ കൂടുതല്‍ ജലശേഖരമുള്ളതാണിതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. റിങ് വുഡൈറ്റ് എന്ന് വിളിക്കുന്ന പാറയ്ക്കുള്ളിലായാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
വെള്ളത്തില്‍ കുതിരുന്ന ഒരു സ്‌പോഞ്ച് പോലെയാണ് റിങ് വുഡൈറ്റ്. ഹൈഡ്രജനെ ആകര്‍ഷിക്കാനും വെള്ളം പിടിച്ചുനിര്‍ത്താനും സാധിക്കുന്ന പ്രത്യേകതയും റിങ് വുഡൈറ്റിന്റെ ക്രിസ്റ്റല്‍ ഘടനയ്ക്കുണ്ടെന്ന് ഗവേഷക സംഘത്തിലെ പ്രധാന ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു. ഭൂമിയിലെ ജലചക്രത്തിന്റെ തെളിവുകളാണ് ഇത്. ഭൂമിയുടെ ജലസംഭരണ ശേഷിയെ വിശദീകരിക്കാന്‍ ഇത് സഹായകമാവുമെന്നും ദശാബ്ദങ്ങളായി ഈ അദൃശ്യ ജലസ്രോതസിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രജ്ഞരെന്നും ജേക്കബ്‌സെന്‍ കൂട്ടിച്ചേർത്തു.
ഭൂമിയുടെ മാന്റിലിന് കീഴിലായി 410 മുതല്‍ 660 കിലോമീറ്റര്‍ ആഴത്തിലുള്ള ധാതുക്കള്‍ക്ക് വന്‍തോതില്‍ ജലസംഭരണ ശേഷിയുള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഹൈഡ്രജന്റെ സാന്നിധ്യമുള്ളതിന്റെ സൂചന കൂടിയാണ്. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. ‘ഡീഹൈഡ്രേഷന്‍ മെല്‍റ്റിങ് അറ്റ് ദി ടോപ്പ് ഓഫ് ദി ലോവര്‍ മാന്റില്‍’ എന്ന 2014-ലെ ഒരു ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ കണ്ടെത്തൽ.

