ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്കുള്ള പണമിടപാടുകൾ, തൊഴിലവസരങ്ങൾ, ജാതി സെൻസസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രകടനപത്രിക. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്.
ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, വാർധക്യ കാല, വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര് പറയുന്നു.
എല്ലാ പൗരന്മാരെയും പോലെ ന്യൂനപക്ഷങ്ങൾക്കും വസ്ത്രം, ഭക്ഷണം, ഭാഷ, വ്യക്തിനിയമം എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പാർട്ടി ഉറപ്പാക്കുമെന്ന് കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക അവകാശപ്പെടുന്നു. വ്യക്തിനിയമങ്ങളിലെ പരിഷ്‌കാരങ്ങൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. ബന്ധപ്പെട്ട സമുദായങ്ങളുടെ പങ്കാളിത്തത്തോടെയും സമ്മതത്തോടെയുമാണ് ഇത്തരം പരിഷ്‌കരണങ്ങൾ നടത്തേണ്ടതെന്നാണ് കോൺഗ്രസ് പറയുന്നത്.
2025 മുതൽ സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും, നേതാക്കൾ കൂറുമാറിയാൽ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും എന്നീ വാഗ്ദാനങ്ങൾക്കൊപ്പം ഇലക്ടറൽ ബോണ്ടിലും പിഎം കെയര്‍ ഫണ്ടിലും അന്വേഷണം കൊണ്ടുവരുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
Discussion about this post