കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തും. നാളെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. കൂടാതെ കോഴിക്കോട് എംടി രമേശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നാളെയെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ വയനാട്ടില്‍ വന്നിട്ടുണ്ട്. ഇനി ആരുവരുമെന്നതിന് രണ്ടു ദിവസം സാവാകാശം തരൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ യെ ബിജെപി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാവും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. രാവിലെ 10.30 ഓടെ നെയ്യാറ്റിന്‍കരയില്‍ അമിത്ഷാ യുടെ റോഡ് ഷോ ആരംഭിക്കും. റോഡ് ഷോയില്‍ അമിത്ഷായോടൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലും സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലും പ്രചാരണത്തിനെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശന തീയതി അടുത്ത ദിവസം പ്രഖ്യാപിക്കും. പ്രധാനമന്ത്രിയുടെ വരവ് ഗുണംചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണത്തിനെത്താന്‍ മോദിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും വയനാടിനെ കൂടാതെ ഒരു മണ്ഡലത്തില്‍ കൂടി മോദിയെത്തിയേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
Discussion about this post