ന്യൂഡൽഹി: ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തിയെന്ന വിദേശ മാധ്യമ റിപ്പോർട്ടിൻ്റെ ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചരണതെന്നും മന്ത്രാലയം വ്യക്തമാക്കി.
“ആരോപണങ്ങൾ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണമാണ്”, റിപ്പോർട്ടിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം ദി ഗാർഡിയനോട് പറഞ്ഞു. മറ്റ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ഇന്ത്യൻ സർക്കാരിൻ്റെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ മുന്നെ നടത്തിയ പ്രസ്താവനയ്ക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രാലയത്തിന്റെ മറുപടി.
വിദേശ മണ്ണിൽ വസിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഇന്ത്യയുടെ നീക്കമെന്ന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും രഹസ്യാന്വേഷണ പ്രവർത്തകരെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യ്തിരുന്നു. 2020 മുതൽ പാക്കിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ 20 ഓളം കൊലപാതകങ്ങളുമായി ഈ അവകാശവാദങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും 2023ൽ ഇത്തരം ആസൂത്രിത കൊലപാതകങ്ങൾ ഗണ്യമായി വർധിച്ചതായും ഇൻ്റലിജൻസ് വൃത്തങ്ങൾ അവകാശപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ ഈ റിപ്പോർട്ടിൽ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണമാണ് പറയുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നതും ഇന്ത്യയുടെ പ്രഖ്യാപിത ഭീകരർക്ക് അഭയം നൽകുന്നതും പാക് അധീന കശ്മീരിലെ നിയമവിരുദ്ധമായ അധിനിവേശവും കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, ഇന്ത്യയിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രതീക്ഷ പ്രകടിപ്പിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള എല്ലാ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഏപ്രിൽ 4 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
Discussion about this post