ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്ക്ക് ഇലക്ഷൻ കമ്മീഷന്റെ നോട്ടീസ്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകൾ നടത്തി എന്നാരോപിച്ച് ബിജെപി നൽകിയ പരാതിയുയെ അടിസ്ഥാനത്തിലാണ് അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചത്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് തന്നെയും മറ്റ് മൂന്ന് ആംആദ്മി നേതാക്കളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിഷി ആരോപിച്ചിരുന്നു. വ്യാജവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞടുപ്പ് കമ്മീഷന് അതിഷിക്കെതിരെ നടപടിയെടുക്കാൻ സാധിക്കും. ദേശീയ പാർട്ടി നേതാവും മന്ത്രിയുമായ അതിഷിയുടെ വാക്കുകളെ ജനം വിശ്വസിക്കുമെന്നും അത് പ്രചാരണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അതിഷിക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ആരോപണമുന്നയിക്കാവുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അതിഷിക്ക് അയച്ച നോട്ടീസിൽ പറയുന്നു.
അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാരണം കാണിക്കൽ നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതികരിച്ച് അതിഷി രംഗത്തെത്തി. ബിജെപിയുടെ ആക്ഷേപകരമായ പ്രചാരണ പോസ്റ്ററുകളിൽ പരാതി ഉന്നയിച്ച് നിരവധിതവണ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും. കാരണംകാണിക്കൽ നോട്ടീസ് തനിക്ക് ലഭിക്കുന്നതിന് മുമ്പ് തന്നെ ബിജെപി മാധ്യമങ്ങൾക്ക് ചോർത്തിയതായും അതിഷി ആരോപിച്ചു. ബിജെപിയുടെ അനുബന്ധ സംഘടനയായിട്ടാണോ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അതിഷി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിന് മറുപടി നൽകുമെന്നും അതിഷി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും മന്ത്രി സൗരഭരദ്വാജ്, ദുർഗേഷ് പതക്, രാഘവ് ചദ്ധ എന്നിവരെയും ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ പദ്ധതി എന്നായിരുന്നു അതിഷി ആരോപിച്ചത്. എന്നാൽ അതിഷിയുടെ ആരോപണങ്ങൾ നിഷേധിച്ച ബിജെപി അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നൽകി. പിന്നാലെയാണ് ഇപ്പോൾ അതിഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയച്ചത്.
Discussion about this post