വയനാട്: കേരള സ്റ്റോറിയുടെ പേരിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഈ സിനിമയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹാലിളകുകയാണെന്നും ചലച്ചിത്ര ആവിഷ്ക്കാരത്തെ പോലും മതപരമായ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത് ഞങ്ങളൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെന്നാണെന്നും എന്നിട്ടിപ്പോൾ സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമയെ എതിർക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ അവർക്ക് അവരുടെ രാഷ്‌ട്രീയ നയങ്ങളും വികസന നയങ്ങളും ചർച്ച ചെയ്താൽ അത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയിട്ടാണെന്നും ബാലിശമായ വാദങ്ങളുമായിട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്ത് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മീശ നോവൽ വിവാദമായപ്പോൾ എൽഡിഎഫും യുഡിഎഫും അതിനെ ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. നഗ്നചിത്രം വരച്ച് നാടുനീളെ പ്രദർശിച്ചപ്പോൾ അതിനെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നാണ് പറഞ്ഞത്. ഈ സിനിമ ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്. ആ നിലയിൽ കണ്ടാൽ മതി. ഒരു വശത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചലച്ചിത്ര ആവിഷ്ക്കാരത്തെ പോലും മതപരമായ ധ്രുവീകരണത്തിന് ഉപയോഗിക്കുകയുമാണ് യുഡിഎഫും എൽഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post