ഐപിഎല്ലിൽ അടിക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സിക്സറുകൾക്കനുസരിച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പിങ്ക് പ്രോമിസ്. രാജസ്ഥാൻ റോയൽസിൻ്റെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പ്രത്യേക ജഴ്സി അണിഞ്ഞാവും റോയൽസ് കളത്തിലിറങ്ങുക.
രാജസ്ഥാനിലെ സ്ത്രീ ശാക്തീകരണത്തോട് ഐക്യപ്പെട്ടാണ് ടീമിൻ്റെ പിങ്ക് പ്രോമിസ് ക്യാമ്പയിൻ. റോയൽസ് മാനേജ്മെൻ്റിനു കീഴിലുള്ള റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ കീഴിലാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. രാജസ്ഥാനിലെ സ്ത്രീകളുടെ പേര് പ്രിൻ്റ് ചെയ്ത ജഴ്സികളാവും മത്സരത്തിൽ ധരിക്കുക. പ്രത്യേക പിങ്ക് ജഴ്സിയുടെ വില്പന വഴി ലഭിക്കുന്ന പണം സംഘടനയ്ക്ക് നൽകും. മത്സരത്തിലെ ഓരോ ടിക്കറ്റിനും നൂറ് രൂപ വീതവും നൽകും.
ഐപിഎലിൽ ഇതുവരെ പരാജയമറിയാത്ത രണ്ട് ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. മൂന്ന് മത്സരങ്ങളിൽ ആറ് പോയിൻ്റുള്ള രാജസ്ഥാൻ പട്ടികയിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച് ആറ് പോയിൻ്റ് തന്നെയുള്ള കൊൽക്കത്തയാണ് പട്ടികയിൽ ഒന്നാമത്. മികച്ച നെറ്റ് റൺ റേറ്റാണ് കൊൽക്കത്തയെ പട്ടികയിൽ ഒന്നാമതാക്കിയത്.
Discussion about this post