തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 290 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരുന്നത്.ഏറ്റവും കൂടുതൽ പേർ സ്ഥാനാർഥികളായുള്ളത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണ്. ഇവിടെ 14 പേരാണ് സ്ഥാനാർഥികൾ. മൂന്ന് പത്രികകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് 13 സ്ഥാനാർഥികളാണുള്ളത്. 9 പത്രികകളാണ് തള്ളിയത്. ആറ്റിങ്ങലിൽ ഏഴ് പത്രിക തള്ളി. നിലവിൽ ഏഴ് സ്ഥാനാർഥികളാണുള്ളത്. കൊല്ലത്ത് 12, പത്തനംതിട്ട 8, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി 8, എറണാകുളം 10, ചാലക്കുടി 12, തൃശൂർ 10, ആലത്തൂർ 5, പാലക്കാട് 11, പൊന്നാനി 8, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകര 11, കണ്ണൂർ 12, കാസർകോട് 9 എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ നിലവിലെ കണക്ക്.
Discussion about this post