ബംഗളൂരു: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സിപിഐക്ക് വേണ്ടി ആനി രാജയാണ് വയനാട്ടിൽ മത്സരിക്കുന്നത്. ഒരു വശത്ത് ഉത്തര്‍പ്രദേശില്‍ പോയി മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയോട് ഇടതുമുന്നണി ആവശ്യപ്പെടുന്നതെന്നും എന്നാല്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ ഇടതു മുന്നണി കോണ്‍ഗ്രസ് നേതാവിനെ കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു. ബംഗളൂരുവില്‍ വ്യവസായികളുമായി സംവദിക്കുന്നതിനിടെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
“ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കുന്നു, കേരളത്തില്‍ യാചിക്കുന്നു, കര്‍ണാടകയില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും സ്മൃതി ഇറാനി പറഞ്ഞു. കേന്ദ്രത്തിലെ പ്രതിപക്ഷസഖ്യം കേരളത്തില്‍ അന്യോന്യം മത്സരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ പോയി മത്സരിച്ചുകൂടേ എന്നാണ് കേരളത്തിലെ ഇടതുപക്ഷം ചോദിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിന്റെ ചര്‍ച്ചകള്‍ക്കായി എത്തിയാല്‍ അവര്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കും. ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും കേരളത്തില്‍ യാചനയും, അതാണ് കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിലവിലെ അവസ്ഥ” സ്മൃതി ഇറാനി പറഞ്ഞു.
സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടാകണമെങ്കില്‍ എല്ലാ സ്ത്രീകളും രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. വോട്ട് ചെയ്യുന്നത് ഒരു ഉത്തരവാദിത്തമാണ്. ടിവി സീരിയല്‍ പോലെയല്ല വോട്ടെന്നും, കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

