തൃശൂർ: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് സുരേഷ് ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം, അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോ എന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി.
പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെ. താൻ അതുപോലും പറയാൻ പാടില്ലെന്നും കോടതി പറയുമെന്നുമായിരുന്നു നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം.
പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി. പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ അടയ്ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. ഇതേത്തുടര്‍ന്ന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. നികുതി വെട്ടിന് പുറമേ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post