കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ ഉത്തരവിറക്കും. നിയമനം നല്കാന് ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെ നിയമനം നൽകാനാണ് ഉത്തരവ്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു.
ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്കിയ അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരേ അനിത ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവുകിട്ടി. എന്നാൽ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നല്ല. ഇത് ഏറെ വിവാദമായിരുന്നു. ഇതോടെ അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പില്‍ ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചു. അനിതയ്ക്ക് പിന്തുണയുമായി ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത്.
Discussion about this post