ഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്ലീംലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളെന്നും മോദി തുറന്നടിച്ചു. സഹരൺപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടന പത്രികയിൽ രാഷട്ര നിർമ്മാണത്തിനായുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ല. ഇതുമായി രക്ഷപ്പെടാം എന്ന് വിചാരിക്കണ്ട . ഇത്തരമൊരു കോൺഗ്രസിന് 21 – ാം നൂറ്റാണ്ടിൽ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ കോൺഗ്രസിന്റെ അവസ്ഥ കാണുമ്പോൾ അതിശയമാണ് തോന്നുന്നത്. ഇപ്പോഴത്തെ കോൺഗ്രസിന് രാജ്യപുരോഗതിയെക്കുറിച്ച് ഒരു കാഴ്ചപ്പാടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ബിജെപിയുടെ സ്ഥാപക ദിനമാണ്. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നിരവധി ആളുകളാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള കാരണം ബിജെപി രാഷ്ട്രീയമല്ല പിൻതുരുന്നത് എന്നതാണ്. ദേശീയ നയമാണ് പിൻതുടരുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തിനാണ് പ്രധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post