തിരുവനന്തപുരം: പണം നൽകി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.
ശശി തരൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തരൂരിന്റെ രാഷ്ട്രീയം പച്ചക്കള്ളത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ മാനഷ്ടക്കേസ് ഫയൽ ചെയ്യും. നടപടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കും. ഡോ ശശി തരൂർ മത സാമുദായിക സംഘടനകളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ട് നേടുന്നുവെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. മത, സാമുദായിക നേതാക്കളുൾപ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്ന് ശശി തരൂർ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്നും ബിജെപി രണ്ടാമത് എത്തുമെന്നും ശശി തരൂർ പറഞ്ഞിരുന്നു. ഇതിന് തക്കതായ മറുപടിയുമായാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരിക്കുന്നത്.

