ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി കസ്റ്റഡിയിലുള്ള ബി.ആര്‍.എസ്. നേതാവും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മകന് പരീക്ഷാക്കാലമാണെന്നും അമ്മയെന്ന നിലയില്‍ തന്റെ സാമീപ്യം മകന്‍റെ മാനസികപിന്തുണയ്ക്ക് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കവിത ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
ജാമ്യം അനുവദിച്ചാല്‍ കവിത തന്റെ സ്വാധീനശേഷി ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ഇ.ഡി. കോടതിയില്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ കവിത ഇതിനോടകം നശിപ്പിച്ചതായും മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ പ്രധാന സൂത്രധാരകരില്‍ ഒരാളാണ് കവിതയെന്നും ഇ.ഡി. ആരോപിച്ചു.
മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ അറസ്റ്റ് ചെയ്തത്. കവിതയുടെ ഹൈദരാബാദിലെ വസതിയില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. അതിനുപിന്നാലെയാണ് കവിതയെ കസ്റ്റഡിയിലെടുത്തത്.
Discussion about this post