ചെന്നൈ : ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. പണവുമായി ബന്ധമില്ലെന്ന് ബിജപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രൻ പറഞ്ഞിട്ടുണ്ടെന്ന് അണ്ണാമലൈ പ്രതികരിച്ചു. വിഷയത്തിൽ ശരിയായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
നൈനാർ നാഗേന്ദ്രന്റെ വിശ്വസ്ഥന്റെ പക്കലിൽ നിന്ന് ട്രെയിനിൽ വച്ചാണ് 4 കോടി രൂപ പിടിച്ചത്. പണവുമായി ബന്ധമില്ലെന്ന് നൈനാർ നാഗേന്ദ്രൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ സംസ്ഥാനത്ത് എത്തിയ ദിവസമാണ് സംഭവമുണ്ടായത്. അതേ സമയം ബിജെപി സ്ഥാനാർഥികളുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും തുടർച്ചയായി പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

