തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി. തൃശ്ശൂർ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി ഇഡി. സ്വത്തുകളുടെ രേഖകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്സിന് നിർദേശം നൽകി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയക്ക് ഇഡി തയ്യാറെടുക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളും.
പാർട്ടിയുടെ സ്വത്തുവിവരങ്ങൾ പൂർണ്ണമായും ശേഖരിക്കാനാണ് നീക്കം. നിലവിൽ 101 സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ പാർട്ടി മറച്ചുവെച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇത് ഉൾപ്പടെ മുഴുവൻ സ്വത്തുകളുടെയും രേഖകൾ ഹാജരാക്കാനാണ് പാർട്ടി ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്സിന് ഇഡി നിർദേശം നൽകിയത്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ എം എം വർഗ്ഗീസ്, പി കെ ബിജു, പി കെ ഷാജിർ എന്നിവരെ ചോദ്യം ചെയ്തത്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം എം എം വർഗ്ഗീസ് പ്രതികരിച്ചു.
എം എം വർഗ്ഗീസിനേയും പി കെ ബിജുവിനേയും വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച്ച ഹാജരാകാനാണ് എം എം വർഗ്ഗീസിന് നിർദേശം നൽകിയിരിക്കുന്നത്. പി കെ ബിജു 22 ന് ഹാജരാകണം. മുൻ മന്ത്രി എ സി മൊയ്തീൻ ഉൾപ്പടെ നേരത്തെ ചോദ്യം ചെയ്ത നേതാക്കളെ വീണ്ടും വിളിപ്പിച്ചേക്കും. കരുവന്നൂരിൽ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ഇഡിയുടെ കണ്ടെത്തലുകൾ തള്ളുമ്പോഴും പ്രതിരോധത്തിലാണ് സിപിഐഎം നേതൃത്വം. അറസ്റ്റ് ഉൾപ്പടെ കടുത്ത നടപടിയിലേക്ക് ഇഡി കടന്നാൽ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടിയുടെ തീരുമാനം.
Discussion about this post