കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതി ഇന്ന് വിധി പറയും. മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തെന്നാണ് കേസ്.യു.എ.പി.എ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നൽകി എന്നാരോപിച്ച് സിവിൽ പൊലിസ് ഓഫീസറായ സിപിഒ എ.ബി പ്രമോദിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നാണ് പ്രതികൾക്കെതിരായ കേസ്. തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി സിപിഒയുടെ വീട്ടിലെത്തിയ സംഘം ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി , സിപിഒ പ്രമോദിൻ്റെ മോട്ടോർ സൈക്കിൾ കത്തിച്ചു. ശേഷം ലഘുലേഖകൾ വീടിൻ്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ ഭിത്തിയിലൊട്ടിക്കുകയും ചെയ്തു.
പ്രതികൾ ഗൂഡാലോചന നടത്തിയതിന് തെളിവുണ്ടെന്നും എൻ.ഐ.എസമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. യുഎപിഎ വകുപ്പിന് പുറമെ ഗൂഢാലോചന, ആയുധം കൈവശം വെക്കൽ, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുനത്. കൊച്ചി എൻ.ഐ.എ കോടതിയാണ് കേസിൽ വിധി പറയുക.
Discussion about this post