കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ പിടിയിലായ മുഖ്യസൂത്രധാരൻ ഷിജാലിനെയും പ്രതി അക്ഷയ്യെയും പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകുന്നേരം പാലക്കാട് വെച്ചാണ് ഷിജാലിനെ പൊലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷും പിടിയിലായ ഷിജാലുമാണ് ബോംബ് നിർമ്മാണത്തിന്റെ പ്രധാന ആസൂത്രകർ എന്നാണ് പൊലീസ് കരുതുന്നത്.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷിനെ കാര്യമായി ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഷിജാൽ കസ്റ്റഡിയിലായതോടെ കേസിലെ നിർണായക വിവരങ്ങൾ കണ്ടെത്താനാകും എന്ന് അന്വേഷണസംഘം കരുതുന്നു. ബോംബ് നിർമ്മാണത്തിന്റെ യഥാർത്ഥ കാരണവും ഷിജാലിലൂടെ പൊലീസിന് കണ്ടെത്താൻ കഴിയും. ഒളിവിൽ ഉള്ളവരെ കൂടി കണ്ടെത്താൻ കഴിഞ്ഞതോടെ കേസിലെ മുഴുവൻ പ്രതികളും പൊലീസിന്റെ പിടിയിലായി. രണ്ടുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഏപ്രിൽ അഞ്ചിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ബോംബ് സ്ഫോടനമുണ്ടായത്. പാനൂർ കൈവേലിക്കൽ മുളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതികൾ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മുഴുവൻ ബോംബുകളും നിർവീര്യമാക്കിയതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ പറഞ്ഞു.
Discussion about this post