ഡൽഹി: പ്രതിരോധശക്തി കൂടുതൽ ഉറപ്പിച്ച് ഇന്ത്യ. റഷ്യയിൽ നിന്ന് പുതുതായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 24 ഇഗ്ല-എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ്(എംഎഎൻപിഎഡിഎസ്) മിസൈലുകളുടെ ആദ്യ ബാച്ചാണ് എത്തിയത്. ഇതിനൊപ്പം നൂറ് മിസൈലുകളും ഇറക്കുമതി ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനം ഉൾപ്പെടുന്ന വലിയൊരു കരാറിന്റെ ഭാഗമായാണ് ഇറക്കുമതി. 120 ലോഞ്ചറുകൾക്കും 400 മിസൈലുകൾക്കുമായി കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടത്. ആദ്യ ബാച്ച് റഷ്യയിൽ നിന്ന് എത്തിച്ചുവെങ്കിലും ബാക്കിയുള്ളവ റഷ്യയിൽ നിന്നുള്ള ടെക്നോളജി ട്രാൻസ്ഫർ (ടിഒടി) വഴി ഇന്ത്യൻ കമ്പനിയായിരിക്കും നിർമ്മിക്കുക.
വടക്കൻ അതിർത്തിയിലെ ഉയർന്ന പർവതപ്രദേശങ്ങളിൽ പുതിയ വ്യോമ പ്രതിരോധ സംവിധാനം രൂപീകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇഗ്‌ള- എസ് ഉപയോഗിക്കുക. അതിർത്തിയിലെ ഒരു റെജിമെന്റിൽ ഇവ എത്തിച്ചുകഴിഞ്ഞതായും അധികൃതർ പറയുന്നു. പ്രധാനമായും പാകിസ്താൻ ചൈന അതിർത്തികളിലായിരിക്കും ഇവ വിന്യസിക്കുക.
കയ്യിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന വ്യോമ ആയുധമാണ് ഇഗ്‌ള. ഒരു വ്യക്തിക്കോ കൂട്ടമായോ ഇത് ഉപയോഗിക്കാം. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ വെടിവച്ചിടാൻ ഈ മിസൈലുകൾ ഉപയോഗിക്കാം. കൂടാതെ ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും അവയെ നിർവീര്യമാക്കാനും ഇഗ്‌ളയ്ക്ക് സാധിക്കും. 9എം342 മിസൈൽ, 9പി522 ലോഞ്ചിംഗ് മെക്കാനിസം, 9വി866-2 മൊബൈൽ ടെസ്റ്റ് സ്റ്റേഷൻ, 9എഫ്719-2 ടെസ്റ്റ് സെറ്റ് എന്നിവ ചേർന്നതാണ് ഇഗ്‌ള
Discussion about this post