തിരുവനന്തപുരം: ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പലയിടത്തും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. ദൂരദര്‍ശനില്‍ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് കടുത്ത എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ദൂരദർശൻ തീരുമാനത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ അവകണിച്ച് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡി.ഡി. നാഷണല്‍ ചാനലില്‍ ചിത്രം സംപ്രേക്ഷണം ചെയ്തിരുന്നു.
കേരളത്തിലെ കാത്തോലിക്കാ സഭകളുടെ നേതൃത്വത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി-തലശ്ശേരി രൂപതകളും ദ കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിക്കുകയാണ്. യുവജനവിഭാഗം കെ.സി.വൈ.എം. ആണ് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.ഇത് സി.പി.എമ്മും കോണ്‍ഗ്രസിനും തിരിച്ചടിയായി മാറിയിരിക്കുകയാണ്.
”ഞങ്ങള്‍ക്കറിയാം, ദ കേരള സ്റ്റോറി ഇന്ത്യന്‍ സിനിമയുടെ മിക്കവാറും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ആഗോളതലത്തില്‍ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പര്‍ശിക്കുന്നുവെന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെയും വാദങ്ങളുമായി ആളുകള്‍ രംഗത്തുവരുന്നു” എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്നിന്റെ പ്രതികരണം. ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിനെ നിരീക്ഷിക്കുകയാണ്. കാരണം നേരത്തേ ദ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
JUST IN
Discussion about this post