പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോയ്ക്കായി സംസാരിക്കുകയും ഗാന്ധി കുടുംബത്തിനായി നിലകൊള്ളുകയും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നും അനിൽ ആന്റണി പറഞ്ഞു. അനില്‍ പത്തനംതിട്ടയില്‍ തോല്‍ക്കണമെന്ന് എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടയിൽ താൻ തന്നെ ജയിക്കുമെന്നും ആന്റോയ്ക്ക് വന്‍ തോല്‍വിയുണ്ടാകുമെന്നും അനിൽ ആന്റണി പറഞ്ഞു. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണെന്നായിരുന്നു എ കെ ആന്റണി പറഞ്ഞത്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്നും ആ ഭാഷ തനിക്ക് വശമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് വേണ്ടി പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും എ കെ ആന്റണി വ്യക്തമാക്കി.
Discussion about this post