ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ എല്ലാ ജംഗമ വസ്തുക്കളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. അരുണാചലിലെ സ്വതന്ത്ര എംഎൽഎ കരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് ശരിവച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സ്ഥാനാർഥിയുടെ മുഴുവൻ സ്വത്തിനെക്കുറിച്ചും വോട്ടർ അറിയേണ്ട കാര്യമില്ലെന്നും സ്ഥാനാർഥിക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്ഥാനാർഥിയുടെയോ ബന്ധുക്കളുടെയോ മുഴുവൻ ജംഗമ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ ഹൈക്കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
2019–ൽ തെസു നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎൽഎയാണ് കരിഖോ. എന്നാൽ നാമനിർദേശ പത്രികയിൽ കരിഖോ തെറ്റായ പ്രസ്താവം നടത്തിയെന്നും എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ച് തെസുവിലെ കോൺഗ്രസ് സ്ഥാനാർഥി നുനെയ് തയാങാണ് ഹൈക്കോടതിയെ സമീപിച്ചു. കരിഖോയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തയാങ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 33-ാം വകുപ്പ് അനുസരിച്ചല്ല കരിഖോ നാമനിർദേശ പത്രിക സമർപ്പിച്ചതെന്ന് കണ്ടെത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 36 (2) (ബി) പ്രകാരം നാമനിർദ്ദേശ പത്രിക തള്ളേണ്ടതായിരുന്നുവെന്ന് കണ്ടെത്തി. വരണാധികാരി നാമനിർദേശ പത്രിക സ്വീകരിച്ചത് അനുചിതമായെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.
Discussion about this post