കൊച്ചി: കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം. രമയ്ക്കെതിരായ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്നാണ് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും കോടതി കണ്ടെത്തി.
കാസർകോട് കോളേജിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് ഡോ എം രമ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ ഡോ എം രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റുകയും, ഇതിന്റെ തുടർച്ചയായി മഞ്ചേശ്വരം സർക്കാർ കോളേജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. രമയുടെ മേൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ടായിരുന്നു.
കോളജിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ ചേംബറിൽ പൂട്ടിയിട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. ഇതിന് പിന്നാലെ എസ്എഫ്ഐക്കെതിരെ വ്യാപക ആരോപണവുമായി ഡോ രമ രംഗത്തെത്തിയിരുന്നു. കോളേജിൽ വ്യാപക ലഹരി ഉപയോഗമുണ്ടെന്നും റാഗിങും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുത്തതാണ് തനിക്കെതിരെ നീങ്ങാൻ കാരണമെന്നും രമ പറഞ്ഞിരുന്നു. സർവീസ് കാലാവധി തീർന്ന് വിരമിക്കാനിരിക്കെയാണ് ഡോ എം രമയ്ക്ക് ആശ്വാസ വിധി വന്നത്.
Discussion about this post