തൃശ്ശൂര്‍: വെളാറ്റഞ്ഞൂരില്‍ മൂന്ന് മക്കളുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന, ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.20ഓടെയാണ് സംഭവം. വെള്ളാറ്റഞ്ഞൂർ പള്ളിക്കു സമീപം താമസിക്കുന്ന പുന്തുരത്തിൽ വീട്ടിൽ അഖിലിന്റെ ഭാര്യ സയനയ മൂന്നുകുട്ടികൾക്കൊപ്പം കിണറ്റിൽ ചാടിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നാലുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുകുട്ടികൾ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും ഒന്നരവയസ്സുകാരി മകളും അപകടനിലതരണം ചെയ്തതായാണ് വിവരം. സയന കിണറ്റിൽ ചാടുമ്പോൾ ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ തർക്കമാണ് യുവതിയെ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ മോര്‍ച്ചറിയിലേക്കു മാറ്റി.

