പുണ്യമാസമായ റമദാനിൽ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്.
അന്നപാനീയങ്ങൾ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ എന്നിവയിലൂടെ നേടിയ പുണ്യവുമായാണ് പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുക.റമദാനിൽ കൈവരിച്ച ആത്മീയ വിശുദ്ധിയാണ് ഓരോ വിശ്വാസിയുടെയും കരുത്ത്.
ശവ്വാൽ അമ്പിളി മാനത്ത് തെളിഞ്ഞതോടെ പള്ളികളും വീടുകളും തക്ബീർ ധ്വനികളാൽ മുഖരിതമായി. കയ്യിൽ മൈലാഞ്ചി ചുവപ്പും പുത്തനുടുപ്പും അണിഞ്ഞു എല്ലാവരും ആഘോഷത്തിൻ്റെ ഭാഗമാകും. ദാന ധർമ്മങ്ങളുടെ പെരുന്നാൾ കൂടിയാണ് ഈദ് അൽ ഫിത്തർ. തൻ്റെ സമ്പത്തിൻ്റെ ഒരു വിഹിതം പാവപ്പെട്ടവന് ധാനം നൽകിയാണ് പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുക. നിലവിൽ പള്ളി കമ്മറ്റികളുടെ നേതൃത്വത്തിൽ പണം ഏകോപിപ്പിച്ചാണ് അർഹത്തപ്പെട്ടവരിലേക്ക് വിഹിതം എത്തിക്കുന്നത്. അർഹിക്കുന്നവർക്ക് സക്കാത്ത് നൽകുകയെന്ന അനുശാസനം കാരുണ്യത്തിൽ അധിഷ്ഠിതമായ പാരസ്പര്യത്തിൻ്റെ മുദ്രയാണ്. ബന്ധങ്ങളിൽ ഇഴയടുപ്പമുണ്ടാക്കലും സൗഹാർദം വളർത്തലും പെരുന്നാളിൻ്റെ മഹനീയമായ സന്ദേശമാണ്.
ഈദുഗാഹുകളിലും പള്ളികളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ബന്ധുവീടുകളിലെ സന്ദർശനം, സൗഹൃദങ്ങൾ പുതുക്കൽ എന്നിവ നടക്കും.

