ജോധ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കുടുംബാംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍, നേതാക്കള്‍ എല്ലാവരെയും ഗെഹലോട്ട് മകന്റെ വിജയത്തിനായി മണ്ഡലത്തില്‍ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളെയും പ്രചാരണത്തിന് മണ്ഡലത്തിലെത്തിക്കാനാണ് അശോക് ഗെഹലോട്ടിന്റെ നീക്കം. രാജസ്ഥാനിലെ ജലോര്‍-സിരോഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് വൈഭവ് മത്സരിക്കുന്നത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ദിവസം നടന്ന പരിപാടിയില്‍ അശോക് ഗെഹലോട്ടിന്റെ ഭാര്യ സുനിത, സ്ഥാനാര്‍ത്ഥി വൈഭവ് ഗെഹലോട്ടിന്റെ ബാര്യ, മകള്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. ‘ഞങ്ങളെല്ലാം ഇവിടെയുണ്ട്. ഞങ്ങളുടെ മകനെ നിങ്ങള്‍ക്ക് തരുന്നു. ഇവനെ ഏറ്റെടുക്കുക. അവന് ഒരു അവസരം നല്‍കുക. അവന്റെ വാതില്‍ എല്ലായിപ്പോഴും നിങ്ങള്‍ക്കായി തുറന്നുകിടപ്പുണ്ടാകും. നിങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ എപ്പോഴും കേള്‍ക്കുന്നതിനായി പ്രത്യേക സെല്‍ തന്നെ തുറക്കും’ എന്നായിരുന്നു അന്ന് നടത്തിയ പ്രസംഗത്തിൽ അശോക് ഗെഹലോട്ടിന്റെ പ്രതികരണം.
രജ്പുത് സമുദായത്തിന് കോണ്‍ഗ്രസുമായിട്ടുള്ള ബന്ധവും അശോക് ഗെഹലോട്ട് അനുസ്മരിച്ചു. രജ്പുത് സമുദായത്തിന്റെ പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രജ്പുത് സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജോധ്പൂര്‍ മണ്ഡലത്തില്‍, പാര്‍ട്ടിയിലെ എതിരാളിയായ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തന്‍ കരണ്‍ സിങ് ഉച്ചിയാര്‍ഡയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വൈഭവ് ഗെഹലോട്ട് ജോധ്പൂരില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.
Discussion about this post