തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാന്‍ കൂടിയായിരുന്നു.
2015ൽ കേരളത്തിൽ ദേശീയ ഗെയിംസിന്റെ ഗെയിംസ് ചീഫ് ഓർഗനൈസറായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകള്‍ നല്‍കിയ ബാനറാണ് അദ്ദേഹത്തിന്റെ ഗാന്ധിമതി ഫിലിംസ്.
മലയാള സിനിമയുടെ തലപ്പൊക്കങ്ങളായ കെ.ജി ജോര്‍ജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകള്‍ പലതും പിറന്നത് ഈ ബാനറിലായിരുന്നു. മഹാന്മാരായ സംവിധായകരുമായുള്ള വ്യക്തിബന്ധങ്ങളും സൗഹൃദവും മികച്ച കലാസൃഷ്ടികള്‍ക്കായി കാശിറക്കാന്‍ ബാലന്‍ എന്ന നിര്‍മ്മാതാവുമുണ്ടാതുകൊണ്ടാണ് ഒരുപക്ഷേ തൂവാനത്തുമ്പികളും പഞ്ചവടിപ്പാലവും മൂന്നാപക്കവും സുഖമോ ദേവിയും മലയാളത്തിന് ലഭിച്ചത്. ബാലചന്ദ്ര മേനോന്‍, ശശികുമാര്‍, വേണു നാഗവള്ളി, ജോഷി എന്നിവരുടെ ചിത്രങ്ങളും നിര്‍മിച്ചു.

