തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഇനിയും ഉയരും. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 45 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിട്ടുളളത്. പ്രതീക്ഷിച്ച വേനൽ മഴയും ലഭിക്കാത്തതോടെ നാട് വിയർത്തൊലിക്കുകയാണ്.
ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തിലും റെക്കോർഡ് കണക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 11.17 കോടി യൂണിറ്റായിരുന്നു. പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകതയിലും ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.
അതേ സമയം വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും എല്ലാ ജില്ലകളിലും വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗം സെക്കന്‍ഡില്‍ 20 cm നും 45 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Discussion about this post