കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രദേശവാസികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശം. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദേശ്ഖലിയിലെ സംഘർഷ മേഖലകളില്‍ സിസിടിവികള്‍ സ്ഥാപിക്കാനും കോടതി നിർദേശിച്ചു.
സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സന്ദേശ്ഖലിയിലേക്ക് റെയ്ഡ് ചെയ്യാന്‍ പോയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ജനുവരി 5 നാണ് ആക്രമണമുണ്ടായത്. തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ നടത്തിയ ആക്രമണങ്ങളില്‍ സിബിഐ ഇതിനകം തന്നെ അന്വേഷണം നടത്തിയിരുന്നു.തുടര്‍ന്ന് ഫെബ്രുവരി 5 ന്, ഗ്രാമത്തിലെ പ്രാദേശിക സ്ത്രീകള്‍, ഷെയ്ഖിനെയും അദ്ദേഹത്തിന്റെ സഹായികളെയും ലൈംഗികമായി ദുരുപയോഗം ചെയ്തതിനും ഉപദ്രവിച്ചതിനും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തങ്ങളുടെ ഭൂമി ബലമായി തട്ടിയെടുത്തതായും ഗ്രാമവാസികള്‍ ആരോപിച്ചിട്ടുണ്ട്.
Discussion about this post