കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയുടെ റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അന്‍വറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍. ഏത് സാഹചര്യത്തിലാണ് അന്‍വറിനെ കേസില്‍ നിന്നും ഒഴിവാക്കിയതെന്ന് പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. റിസോര്‍ട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടിച്ചെടുത്തിട്ടും അന്‍വറിനെതിരെ കേസെടുത്തില്ലെന്ന് കാട്ടി മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവര്ത്തകന് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടൽ. നാലാഴ്ചയ്ക്കകം ഇത് സംബന്ധിച്ചുള്ള പരാതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.
2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ ലൈസന്‍സ് ഇല്ലാതെ സൂക്ഷിച്ച മദ്യം പിടികൂടിയത്. രഹസ്യവിവരത്തെതുടര്‍ന്നാണ് എക്സൈസ് ഇവിടെയെത്തി പരിശോധന നടത്തിയത്. അനധികൃതമായ സൂക്ഷിച്ച മദ്യം കസ്റ്റഡിയിലെടുക്കുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പി.വി.അന്‍വറിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇത് ചോദ്യം ചെയ്ത് മലപ്പുറം സ്വദേശിയായ ആൾ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

