സ്വത്തുകണക്കിലെ വൈരുധ്യത്തില്‍ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സ്വത്തുവിവരങ്ങളിലെ വൈരുധ്യത്തിൽ വിശദീകരണവുമായി ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ആദായനികുതി പരിധിയിൽ വരുന്ന വരുമാനം 680 രൂപ മാത്രമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ നൽകിയത്. 2021 കാലത്തെ കോവിഡ് പ്രതിസന്ധി കാരണം തനിക്ക് ബിസിനസിൽ നഷ്ടമുണ്ടായെന്നും ഇതാണ് വരുമാനം കുറയാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങൾ രാജീവ് ചന്ദ്രേശഖർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബൻസാൽ ആരോപിച്ചത്. വിഷയത്തിൽ കോൺഗ്രസിന് പുറമെ എൽ.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.

