ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഇന്നലെ അറസ്റ്റിലായ അബ്‍ദുൾ മത്തീൻ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എൻഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടെന്നും എൻഐഎ പറഞ്ഞു. ഇപ്പോൾ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേർത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്.
മുസ്സമ്മലിനെയാണ് ബോംബിനാവശ്യമായ ഐഇഡി എത്തിക്കാൻ ഏൽപിച്ചത്. മുസാവിറിനെ ബോംബ് വയ്ക്കാനും ചുമതലപ്പെടുത്തി. ബോംബ് വച്ച ശേഷം മുസാവിർ രക്ഷപ്പെട്ടത് താഹയുടെ നിർദേശപ്രകാരമുള്ള വഴിയിലൂടെയാണ്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാൻ പല ബസുകൾ മാറിക്കയറിയാണ് ബെല്ലാരിയിലെത്തിയത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു. പിന്നീട് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒടുവിലാണ് കൊൽക്കത്തയിലെത്തിയതെന്ന് എന്‍ഐഎ പറയുന്നു. പ്രതികൾക്കായി എന്‍ഐഎ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മാർച്ച് ഒന്നിനാണ് ബെംഗളുരുവിലെ ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ഉച്ച നേരത്ത് ബോംബ് സ്ഫോടനം നടന്നത്.
Discussion about this post