കൽപ്പറ്റ: ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി അധികാരത്തിലെത്തിയാൽ വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ മനുഷ്യ-മൃഗ സംഘർഷം സെൻസിറ്റീവായി കൈകാര്യം ചെയ്യാൻ കേരള സർക്കാരുൾപ്പെടെ എല്ലാവരുമായും സഹകരിച്ച് കേന്ദ്രം പ്രവർത്തിക്കുമെന്ന് ബിജെപി പ്രകടനപത്രിക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക ‘മോദി കി ഗ്യാരണ്ടി’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുറത്തിറക്കിയിരുന്നു. സ്ത്രീകളെയും യുവാക്കളെയും ദരിദ്രരെയും കർഷകരെയും കേന്ദ്രീകരിച്ച് 30 വാഗ്ദാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വയനാട്ടിലെയും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും വനാതിർത്തികളിൽ താമസിക്കുന്ന കർഷകർക്ക് ഈ നടപടി വലിയ ആശ്വാസം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

