തിരുവനന്തപുരം: എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. രാജീവ് ചന്ദ്രശേഖർ സമുദായനേതാക്കൾക്കും വോട്ടർമാർക്കും പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം. രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാണിച്ച് ബി.ജെ.പി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആരോപണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ. രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ വിവാദപരാമർശം. വിഷയത്തിൽ വിശദീകരണം തേടി തരൂരിനും അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിന്റെ മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ. പദ്മകുമാർ, എൻ.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കൺവീനർ വി.വി. രാജേഷ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
എന്നാൽ ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ നൽകാനോ തൃപ്തികരമായ മറുപടി നൽകാനോ ഇരുകൂട്ടർക്കുമായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തരൂരിനും ചാനലിനും താക്കീത് നൽകിയത്. അഭിമുഖത്തിലെ വിവാദഭാഗങ്ങൾ പിൻവലിക്കാൻ നിർദേശം നൽകിയ കമ്മീഷൻ അഭിമുഖം മറ്റേതെങ്കിലും രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.

