തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായാണ് തിരുവനന്തപുരം പാളയത്തെ മൂന്നു ദേവാലയങ്ങള്‍ നിലകൊള്ളുന്നത്. ഗണപതി ക്ഷേത്രം, ജുമാ മസ്ജിദ്, സെന്റ് ജോസഫ്‌സ് ചര്‍ച്ച് എന്നീ മൂന്നു മതങ്ങളുടെ ആരാധനാലയങ്ങള്‍ അടുത്തടുത്തായി നിൽക്കുന്നത് മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തന്നെ. എന്നാൽ മാര്‍ബിളിലും വെള്ളക്കല്ലിലും പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിക്കും മോസ്‌ക്കിനും അടുത്ത് ചെറിയൊരു കെട്ടിടത്തിൽ ഒതുങ്ങിയായിരുന്നു ഗണപതി ക്ഷേത്രം. സ്വന്തമായുള്ള സ്ഥലമെല്ലാം കയ്യുക്കുള്ളവര്‍ കയ്യേറിയതിനാല്‍ തൊഴാനെത്തുന്നവര്‍ക്ക് പ്രദക്ഷണം ചെയ്യാന്‍ പോലുമില്ലാത്ത അവസ്ഥ.
എന്നാൽ ഇനിയാ അപകര്‍ഷതയില്ല. പാളയം മഹാഗണപതി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ. പള്ളിക്കും മോസ്‌ക്കിനും ഒപ്പം ഇനി ഗണപതി ക്ഷേത്രവും തലയുയര്‍ത്തി നിൽക്കും. 50 അടി നീളവും, 20 അടി വീതിയും 50 അടി ഉയരത്തിലുമാണ് പുതിയ അലങ്കാര ഗോപുരം നിർമ്മിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖൻ ചെങ്കല്‍ രാജശേഖരന്‍ നായരാണ് പുതിയ അലങ്കാര ഗോപുരവും തിടപ്പള്ളിയും ഭജനമണ്ഡപവും നിര്‍മ്മിച്ചത്. ഈ കഴിഞ്ഞ വിഷുദിനത്തില്‍ അദ്ദേഹം അലങ്കാര ഗോപുരത്തിന്റെ സമർപ്പണം നടത്തിയിരുന്നു.
നിരവധി തവണ ക്ഷേത്രത്തിന്റെ മുഖച്ഛായമാറ്റാന്‍ ഹിന്ദുക്കള്‍ ശ്രമം നടത്തിയിരുന്നു. ഒരിക്കൽ സ്വാമി സത്യാനന്ദ സരസ്വതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങിയിരുന്നു. എങ്കിലും ദേവസ്വം ബോര്‍ഡ് ഇടങ്കോലിട്ടതിനാല്‍ നടക്കാതെ പോവുകയായിരുന്നു. ശേഷം വ്യവസായ പ്രമുഖനും ഹിന്ദുത്വാഭിമാനിയുമായ എസ് രാജശേഖരന്‍ നായര്‍ സ്വന്തം പണം ഉപയോഗിച്ച് നവീകരണം ഏറ്റെടുക്കുകയായിരുന്നു. 2023 ജൂലായിൽ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് ഗോപുരത്തിന് തറക്കല്ലിട്ടത്.
Discussion about this post